തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടതും 100 ദിന കർമ്മ പരിപാടിയുടെ ഭാഗവുമായ 27 യുവജന സഹകരണ സംഘങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചത്. 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ സംരംഭക സംഘങ്ങളായാണ് ഈ സൊസൈറ്റികൾ പ്രവർത്തിക്കുക. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ പ്രശാന്ത് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈബ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും അവരിൽ സംരംഭകത്വ ശീലങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ട് വി.കെ പ്രശാന്ത് എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിച്ച യുവജന കൂട്ടായ്മയായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡാണ് (വൈബ്) സഹകരണ സംഘമായി മാറിയത്. ഈ സംഘത്തിന് കീഴിൽ വിവിധ മേഖലകളിലെ പ്രവർത്തനത്തനങ്ങൾക്കായി പ്രത്യേകം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. വൈബ് ഗ്രീൻ, വൈബ് പ്രോഡക്ട്സ്, വൈബ് സർവ്വീസസ്, വൈബ് ഹെൽത്ത്, വൈബ് മീഡിയ, വൈബ് അക്കാഡമിക്സ്, വൈബ് ഐ.ടി എന്നിവയാണ് നിലവിൽ രൂപീകൃതമായ ഗ്രൂപ്പുകൾ.
ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ, പ്രശസ്ത ചലച്ചിത്ര താരം നന്ദു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ, , കൌൺസിലർ എസ് മധുസൂദനൻ നായർ, എസ് ശശിധരൻ, , ശാസ്തമംഗലം മോഹനൻ, വൈബ് സൊസൈറ്റി പ്രസിഡന്റ് സി.എസ് രതീഷ്, സെക്രട്ടറി ബി.അനീഷ് എന്നിവർ പങ്കെടുത്തു. വൈബ് പ്രോഡക്ട്സ് ഡിവിഷന്റെ ഉൽപ്പന്നമായ വൈബ് ബ്രാന്റ് റെഡിമെയ്ഡ് ഷർട്ടുകളുടെ വിപണന ഉദ്ഘാടനവും വൈബ് ഓണം ഫെസ്റ്റിന്റെ ഭാഗമായി വിതരണം ചെയ്ത ഓണകിറ്റുകൾ വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളായവർക്കുള്ള സമ്മാന ദാനവും സമ്മേളനത്തിൽ നിർവ്വഹിച്ചു.